ലെൻസ്ഫെഡ് .
രൂപീകരണ പാശ്ചാത്തലം :-
പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാന ദശകത്തിൽ കേരളത്തിലെ നിർമ്മാണ മേഖല വളരെ ശോചനീയമായ അവസ്ഥയിലായിരുന്നു. അക്ഷരാത്ഥത്തിൽ നിർജീവാവസ്ഥയിലേക്ക് കൂപ്പു കുത്തുകയായിരുന്നു അനേകായിരങ്ങളുടെ ഈ ജീവിത മാർഗം.
നിർമ്മാണ നിയമത്തിലെ അപ്രായോഗികമായ വകുപ്പുകളും കെട്ടിട നിർമ്മാണ സാമഗ്രികളുടെ അനിയന്ത്രിതമായ വിലക്കയറ്റവും ഉദ്യോഗസ്ഥ തലത്തിലുള്ള ജനവിരുദ്ധ നിലപാടുകളും ഇതിന് കാരണമായിരുന്നു.പ്രതികരിക്കാൻ ശക്തിയുള്ള സംഘടനകളൊ ധൈര്യമുള്ള വ്യക്തികളൊ ഇല്ലാത്ത അവസ്ഥ.
ഈ സാഹചര്യത്തിൽ കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ രജിസ്റ്റർ ചെയ്ത ലൈസൻസികളായ എൻജിനീയർമാരും,സൂപ്പർവൈസർമാരും ഓരൊ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് ചെറിയ ചെറിയ കൂട്ടായ്മകൾ രൂപീകരിക്കാൻ തുടങ്ങി. കോഴിക്കോട് ലൈസൻസ്ഡ് ബിൽഡിങ് സർവയേർസ് അസോസിയേഷൻ, അസോസിയേഷൻ ഓഫ് ലൈസൻസ്ഡ് എഞ്ചിനീയേഴ്സ് ,പാലക്കാട് ആൾ കേരള ലൈസൻസ്ഡ് ബിൽഡിംഗ് എൻജിനീയേഴ്സ് ആൻഡ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ കാസർകോട്ട് LEASA,കോട്ടയത്തെ എ കെ ബി ഡി എ തുടങ്ങിയവ അത്തരം കൂട്ടായ്മകൾ ആയിരുന്നു.
ചെറിയ പ്രതികരണങ്ങളും പ്രതിഷേധങ്ങളും ഈ സംഘടനകൾ നടത്താൻ തുടങ്ങി.അതിന്നു കാരണമായത് ചില പ്രതിസന്ധികളായിരുന്നു.
1984ലെ കെട്ടിട നിർമ്മാണ നിയമപ്രകാരം ഒരു പ്ലാൻ വരയ്ക്കണമെങ്കിൽ ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും ലൈസൻസ് എടുക്കണമായിരുന്നു. തിരുവനന്തപുരം കോർപ്പറേഷനിൽ രജിസ്റ്റർ ചെയ്ത ഒരാൾക്ക് തൊട്ടടുത്ത പഞ്ചായത്തിൽ പ്ലാൻ വരയ്ക്കണമെങ്കിൽ പോലും അവിടെ പോയി ലൈസൻസ് എടുക്കണമെന്നതായിരുന്നു.
സാധാരണക്കാരന് ഒരു വീട് നിർമ്മിക്കണമെങ്കിൽ അനേകം അപായോഗികമായ നിയമങ്ങൾ പാലിക്കേണ്ടിയിരുന്നു.കിടപ്പുമുറിക്ക് പോലും മിനിമം സൈസ് വേണമെന്ന് നിഷ്കർഷ ഉണ്ടായിരുന്നു.
മാത്രമല്ല അനുമതിലഭിക്കണമെങ്കിൽ കൈകൂലിയും വലിയ കാലതാമസവും !ഭൂരിപക്ഷം പഞ്ചായത്തുകളിലും നിയമം ഇമ്പ്ലിമെന്റ് ചെയ്യാത്തത് കൊണ്ടു ലൈസൻസികൾക്ക് തൊഴിലില്ലാത്ത സ്ഥിതി...
പഞ്ചായത്തിലെ ക്ലാസ് ഫോർ ജീവനക്കാരന്ന് മുതൽ എൽ പി
സ്കൂളിലെ ഡ്രോയിങ് മാസ്റ്റർക്ക് വരെ പ്ലാൻ വരച്ച് കൊടുക്കാമെന്ന അവസ്ഥ !!അതിനിടക്ക് നാഷണൽ ബിൽഡിംഗ് കോഡ് 19 വർഷത്തിനുശേഷം പുതുക്കുവാൻ ഉദ്ദേശിച്ചത് മറ്റൊരു പ്രതിസന്ധി കൂടി ഉണ്ടാക്കി.
പുതിയ നിർദ്ദേശങ്ങളുടെ ഒരു കരട് രൂപം ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (ബി ഐ എസ് )പുറത്തിറക്കിയിരുന്നു.ആർക്കിടെക്റ്റുകൾക്ക് മാത്രമായിരുന്നു ആ കരട് നൽകിയിരുന്നത്.വ്യവസ്ഥാപിതമായ ഒരു സംഘടനയില്ലാത്തതു കൊണ്ട് എഞ്ചിനീയർമാരും സൂപ്പർ വൈസർ മാരും ആ സംഭവം തന്നെ അറിഞ്ഞിരുന്നില്ല.
ആ നിയമത്തിലേക്ക് ഇന്ത്യൻ ഇൻസ്റ്റി്റ്റ്യൂട്ട് ഓഫ് ആർക്കിടെക് റ്റ്സ് കൊടുത്ത നിർദ്ദേശം എൻജിനീയർമാർക്കും സൂപ്പർവൈസർമാർക്കും കിട്ടിയ മറ്റൊരു ഇരുട്ടടിയായിരുന്നു.
"പ്ലാൻ തയ്യാറാക്കാനുള്ള അധികാരം ആർക്കിടെക്റ്റുകൾക്ക് മാത്രമാക്കണമെന്നും ബിരുദവും ബിരുദാനന്തര ബിരുദവും ഡിപ്ലോമയുമുള്ള എൻജിനീയർമാർ കേവലം സൈറ്റ് സൂപ്പർവൈസർമാർ മാത്രമായാൽ മതിയെന്നും ആയിരുന്നു അവർ കൊടുത്ത നിർദേശം...!
മാത്രമല്ല ലൈസൻസികളിൽ ഭൂരിപക്ഷം വരുന്ന ഐടിഐ ,ഐടിസി സർട്ടിഫിക്കറ്റ് ഉള്ളവർ ചിത്രത്തിൽ തന്നെ ഇല്ലാത്ത വിധത്തിലാണ് അവർ നൽകിയ നിർദ്ദേശം......!
ഇങ്ങനെ നിർമാണ മേഖലയിൽ പ്രവർത്തിക്കുന്ന എൻജിനീയർമാരും സൂപ്പർവൈസർമാരും തൊഴിൽരഹിതരാകുകയും അനേകം കുടുംബങ്ങൾ പട്ടിണിയാകുകയും ചെയ്തേക്കാവുന്ന സാഹചര്യത്തിലാണ് സംസ്ഥാനതലത്തിലുള്ള വ്യവസ്ഥാപിതമായ ഒരു സംഘടന രൂപീകരിക്കാനും ഇത്തരം അനീതിക്കെതിരെ ശക്തമായി പ്രതിഷേധിക്കണമെന്നുമുള്ള ആലോചന വന്നത്.
കോഴിക്കോട് വെച്ച് നിലവിലുള്ള സംഘടനകളുടെ ഒരുയോഗം ചേരുകയും ഒരു കോഡിനേഷൻ കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു. ലൈസൻസ്ഡ് എഞ്ചിനീയേഴ്സ് ആൻഡ് സൂപ്പർവൈസസ് ഫെഡറേഷൻ -ലെൻസ്ഫെഡ് എന്ന പ്രസ്ഥാനത്തിന്ന് അങ്ങിനെ ബീജാപാപം ചെയ്തു.
23 -1 -1999 ന്ന് തൃശ്ശൂരിലെ കാസിനോ ഹോട്ടലിൽ വച്ച് സംസ്ഥാനത്തുടനീളമുള്ള ലൈസൻസികളുടെ വലിയ പങ്കാളിത്വമുള്ള പ്രഥമ സംസ്ഥാന സമ്മേളനം ചേരുകയും അതിൽ വച്ച് ശ്രീ പി കെ ബാലൻ (കോഴിക്കോട്)പ്രഥമ പ്രസിഡണ്ടായി വ്യവസ്ഥാപിതമായ ഒരു സംസ്ഥാന കമ്മിറ്റി നിലവിൽ വരികയും ചെയ്തു.അവിടെനിന്നിങ്ങോട്ട് ലെൻസ്ഫെഡ് എന്ന മഹാപ്രസ്ഥാനത്തിന്ന് വിശ്രമമില്ലാത്ത പോരാട്ടത്തിൻറെ ദിനങ്ങളായിരുന്നു.
അവകാശ സമരങ്ങളുടെ ഒരു ജൈത്രയാത്ര തന്നെ നടത്തുകയായിരുന്നു ഈ സംഘടന.
സ്വന്തം കഴിവുകളെ കുറിച്ചും അവകാശങ്ങളെ കുറിച്ചും ബോധമില്ലാതെ ദീർഘ ശുശുപ്തിയിലാണ്ടു കിടന്നിരുന്ന നിർമ്മാണ രംഗത്തെ പ്രൊഫഷണൽ സമൂഹത്തിന്ന് ആത്മവിശ്വാസത്തിന്റെയും അവകാശ ബോധത്തിന്റെയും ജീവരക്തം നൽകി അവരെ സമരസജ്ജമാക്കുകയായിരുന്നു സംഘടനയുടെ ആദ്യ ടാസ്ക് .
തുടർന്ന് ഐതിഹാസികമായ സമരങ്ങളിലൂടെയും നയപരമായ ഇടപെടലുകളിലൂടെയും ലൈസൻസികൾക്കും
കേരളത്തിലെ പൊതുജനങ്ങൾക്കും ലെൻസ്ഫെഡ് എന്ന മഹാ പ്രസ്ഥാനം നൽകിയത് തുല്യതയില്ലാത്ത അവകാശ സംരക്ഷണമായിരുന്നു.
പ്ലാൻ വരക്കാൻ പഞ്ചായത്തുകൾ തോറും ലൈസൻസ് എടുക്കേണ്ടിയിരുന്ന പ്രഫഷണലുകൾക്ക് ഏക ലൈസൻസിങ്ങ് സംബ്രദായം ഏർപ്പെടുത്തി.
കേരളത്തിലെ മുൻസിപ്പൽ ഡയറക്ടറേറ്റിൽ രജിസ്റ്റർ ചെയ്താൽ സംസ്ഥാനത്ത് എവിടെയും പ്ലാൻ സബ്മിറ്റ് ചെയ്യാനും മേൽനോട്ടം വഹിക്കാനുമുള്ള അവകാശമായിരുന്നു അത്:
പ്രായോഗിക പരിചയത്തിന് അനുസരിച്ചുള്ള പ്രമോഷൻ മറ്റൊരു പ്രധാന നേട്ടമായിരുന്നു.
ഐടിഐ ഐടിസി സർട്ടിഫിക്കറ്റ് നേടിയവർക്കും നിശ്ചിതകാലപരിചയം ലഭിച്ചാൽ എൻജിനീയർ റജിസ്ടേഷൻ ലഭിക്കാനുള്ള അവസരമായിരുന്നു ആ വലിയ നേട്ടം...!
ഇന്ത്യയിൽ മറ്റൊരു സംസ്ഥാനത്തിലുമില്ലാത്ത അപൂർവമായ അവസരമാണ് പ്രമോഷൻ എന്നത്.
എല്ലാ പഞ്ചായത്തുകളിലും നിർമ്മാണ നിയമം നടപ്പിലാക്കിയതിലൂടെ പ്രൊഫഷണലുകൾക്ക് തൊഴിൽ സാധ്യത വർദ്ധിപ്പിക്കുകയും യോഗ്യതയില്ലാത്തവരെ ഈ രംഗത്ത് നിന്ന് നിഷ്കാസിതരാക്കാനും കഴിഞ്ഞു .
മാത്രമല്ല കേരളത്തിന് ആസൂത്രിതമായ സമഗ്ര വികസനസംസ്കാരം രൂപ പ്പെടുത്താനും ഇത് കാരണമായി .
കാലാകാലങ്ങളിൽ വരുന്ന നിർമ്മാണ നിയമത്തിന് ആവശ്യമായ ജനപക്ഷത്തു നിന്നുള്ള നിർദ്ദേശങ്ങൾ നൽകുന്ന കേരളത്തിലെ ഏക സംഘടന ലെൻസ്ഫെഡ് മാത്രമാണെന്ന്' സർക്കാർ സംവിധാനങ്ങളെ ബോധ്യപ്പെടുത്താനും നമുക്ക് കഴിഞ്ഞു
ചുരുക്കത്തിൽ നിർമ്മാണ രംഗത്തെ ലൈസൻസികൾ ഇന്ന് അനുഭവിക്കുന്ന എല്ലാ സൗകര്യങ്ങളുടെയും പിന്നിൽ ഈ പ്രസ്ഥാനത്തിൻറെ കഠിനമായ പ്രയത്നം ഒന്നു മാത്രമായിരുന്നു..
സാധാരണക്കാരന് ഒരു കൊച്ചു കുര നിർമ്മിക്കുവാൻ നേരിടേണ്ടിവന്ന വലിയ പ്രയാസങ്ങൾ
KBR ൽ നിന്ന് മാറ്റി ജനങ്ങൾക്ക് അനുഗുണമായ രീതിയിൽ പ്രായോഗികമായ നിയമ നിർദ്ദേശം നൽകിയത് ഈ സംഘടനയായിരുന്നു.ഇന്നും അതു തുടർന്നു കൊണ്ടിരിക്കുന്നു.
അതുപോലെ ഏകദിന പെർമിറ്റ് ,എം പാനൽ ലൈസൻസിങ്ങ് തുടങ്ങി പൊതുജനങ്ങൾക്ക് കാലതാമസം ഇല്ലാതെ പെർമിറ്റ് ലഭിക്കുവാനുള്ള പ്രവർത്തനങ്ങളും ഈ സംഘടനയാണ് നടത്തികൊണ്ടിരിക്കുന്നത് .
ഈ പ്രസ്ഥാനത്തിന്ന് ഇന്ന് സംസ്ഥാനത്തുടനീളം യൂണിറ്റു കമ്മിറ്റികളും ഏരിയ കമ്മിറ്റികളുമുണ്ട്.14 ജില്ലകളിലും ശക്തമായ ജില്ലാ കമ്മിറ്റികളും വ്യവസ്ഥാപിതമായ ഒരു സംസ്ഥാന കമ്മിറ്റിയുമുണ്ട്.അംഗങ്ങളുടെ ക്ഷേമത്തിന്നും ആരോഗ്യ സംരക്ഷണത്തിന്നും ക്ഷേമ നിധി ഇൻഷൂറൻസ് തുടങ്ങിയ പദ്ധതികളുണ്ട്.കാലത്തിന്നനുസരിച്ചുള്ള അറിവ് വർദ്ധിപ്പിക്കുവാൻ തുടർവിദ്യഭ്യാസ സമിതിയും ഉന്നത വിദ്യഭ്യാസ പദ്ധതികളുമുണ്ട്. അംഗങ്ങളുടെ അവകാശ സംരക്ഷണത്തിന്നും നാനാമുഖമായ പുരോഗതിക്കും അനവരതം പ്രയത്നിക്കുന്ന ഈ മഹാ പ്രസ്ഥാനത്തിൽ അണിചേരാനെത്തിയ താങ്കൾക്ക് ,ലെൻസ്ഫെഡ് കുടുംബത്തിലേക്ക് ഹൃദ്യമായ സ്വാഗതം.